20 മിനിറ്റോളം വൈകും കണ്ണൂരിൽ എത്താന്‍; അവകാശപ്പെട്ട വേഗമില്ലാതെ വന്ദേഭാരത്

കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുള്ള സ്‌റ്റോപ്പുകളില്‍ 20 മിനിറ്റോളം വൈകി വന്ദേഭാരത്. പ്രഖ്യാപിച്ച സമയങ്ങളില്‍ നിന്നും വൈകിയാണ് വന്ദേഭാരത് എക്‌സ്പ്രസ് റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ എത്തുന്നത്. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് മൂന്ന് മിനിറ്റ് വൈകിയാണ് കൊല്ലത്ത് എത്തുന്നത്.

8.17ന് എറണാകുളം എത്തേണ്ട ട്രെയ്ന്‍ 12 മിനിറ്റ് വൈകിയാണ് എത്തുന്നത്. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ 20 മിനിറ്റോളം കാലതാമസം നേരിടുന്നുണ്ട്. ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗ നിയന്ത്രണമാണ് ട്രെയ്ന്‍ വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ക്രോസ് ഓവര്‍പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ എല്ലാ ട്രെയ്‌നുകള്‍ക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റര്‍ മാത്രമാണ് വേഗം. പ്രധാന പാതയില്‍ നിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈന്‍ ഫ്‌ലാറ്റ്‌ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും.

ഇതു കൂടി കണക്കുകൂട്ടിയാണ് ട്രെയ്ന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണ്ണിങ് ടൈം കണക്കുകൂട്ടുന്നത്. അത് കൃത്യമായി പാലിക്കാനാകുന്നുണ്ട് എന്നാണ് റെയില്‍വേ അറിയിക്കുന്നത്.