കോഴിക്കോട് ബാലമന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; പോക്‌സോ കേസ് ഇരകളായ പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്ന് വീണ്ടും പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചയോടെ രണ്ടു പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. പോക്‌സോ കേസിലെ ഇരകളായ പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കാണാതായ പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. സിസിടിവ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

നേരത്തെ ജനുവരിയില്‍ ഇവിടെ നിന്നും അറ് പെണ്‍കുട്ടികളെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. സംഭവം വലിയ വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് സുരക്ഷ വീഴ്ചയില്‍  ബാലമന്ദിരത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബാല മന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് അന്ന് പുറത്ത് കടന്ന ആറ് പെണ്‍കുട്ടികളും പൊലീസിന് മൊഴി നല്‍കിയത്. കുട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് ഇവരെ തിരികെ ബാലമന്ദിരത്തിലെത്തിച്ചത്.