കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും സഹായധനം; 91.53 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസിയ്ക്ക് അനുവദിച്ച തുകയില്‍ 20 കോടി രൂപ സഹായമായും 71.53 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനുമായാണ് അനുവദിച്ചിട്ടുള്ളത്.

ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ മുടക്കം കൂടാതെ വിതരണം ചെയ്യാന്‍ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നല്‍കുന്നുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാന സര്‍ക്കാര്‍ 20 കോടി കൂടി നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.