കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ; ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്

സംസ്ഥാന കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ. ശൈശവ വിവാഹത്തിനെതിരായ ടാബ്ലോ ചിത്രീകരണത്തിലാണ് മുസ്‌ലിം വിരുദ്ധമായി അവതരിപ്പിച്ചത്. കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്. തൊപ്പിയിട്ട ഒരു മുസ്‌ലിയാരും തട്ടമിട്ട ചെറിയൊരു ബാലികയും കൈപിടിച്ച് ഇരിക്കുന്നതാണ് ടാബ്ലോയിലുള്ളത്. മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന രീതിയിലാണ് ടാംബ്ലോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിന്ന് ഉയരുന്നത്.

സംഭവത്തിൽ കോതമംഗലത്ത് യുഡിവൈഎഫ് പ്രതിഷേധിച്ചു. യുവജന കമ്മീഷൻ വൈസ് ചെയർമാന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. സംഘപരിവാർ പ്രചാരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ടാബ്ലോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോർഡാണ് കോതമംഗലത്ത് നടക്കുന്ന കേരളോത്സവത്തിന്റെ സംഘാടകർ. മന്ത്രി പി. രാജീവാണ് കേരളോത്സവം ഉദ്ഘാടനം ചെയ്‌തത്‌. ആറു വേദികളിലായി കലാമത്സരങ്ങളും കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിലും സെൻ്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലുമായി കായിക മത്സരങ്ങളും നടക്കും.

അതിനിടെ കേരളോത്സവം സംഘാടനം രാഷ്ട്രീയവത്കരിക്കുകയും ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ യുവജന സംഘടനകളെയും സംഘാടനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മന്ത്രി സജി ചെറിയാൻ്റെ കോലം കത്തിച്ചു.