വിജയ് പി. നായരെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

വിവാദ യൂട്യൂബറായ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകി. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

Read more

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയ പ്രതികൾക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. നിയമം കയ്യിലെടുക്കുന്നവർ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാകണം എന്നു പറഞ്ഞ കോടതി നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തതിനാലാണോ നിയമം കൈയിലെടുത്തതെന്ന് ആരാഞ്ഞിരുന്നു. ആക്രമിക്കുന്നതിനായി മുൻകൂർ ഗൂഢാലോചന നടത്തിയാണ് പ്രതികൾ തന്റെ താമസസ്ഥലത്ത് എത്തിയതെന്നായിരുന്നു ആക്രമണത്തിന് ഇരയായ വിജയ് പി. നായരുടെ വാദം. ലാപ്ടോപ്, മൊബൈൽ ഫോൺ ഇവ മോഷ്ടിച്ചതായും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോഷണക്കുറ്റം നിലനിൽക്കില്ലെന്നും ആക്രമിക്കുക ലക്ഷ്യമിട്ടല്ല സ്ഥലത്ത് പോയത് എന്നുമായിരുന്നു ഇവരുടെ വാദം.