അൻവർ ഇഫക്ട്; ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി, യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായി

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

കഴിഞ്ഞ ദിവസം നുസൈബ സുധീറിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രം​ഗത്തെത്തിയിരുന്നു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. തൃണമൂൽ കോൺ​ഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാ​ര്യയാണ് നുസൈബ.

പിവി അൻവറിൻ്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അം​ഗങ്ങളാണുള്ളത്. അതിനാൽ തന്നെ നുസൈബയുടെ നിലപാടാണ് യുഡിഎഫിൻ്റെ അവിശ്വാസം പാസാകുന്നതിൽ നിർണായകമായത്.