'ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ'; സമരത്തിന്റെ അമ്പതാം ദിനം മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വർക്കർമാർ. 50-ാം ദിനമായ ഇന്ന് ആശവർക്കർമാരിൽ ഒരാളായ പത്മജ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സമര നേതാവ് മിനി ആദ്യം മുടിമുറിച്ചു. പിന്നാലെ മറ്റുള്ളവർ മുടി മുറിച്ചു. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി.

‘ഇപ്പോൾ ഞങ്ങൾ മുടി മുറിച്ചുമാറ്റുന്നു, ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നൂറുകണക്കിന് ആശാവർക്കർമാർ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ആശമാരുടെ ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാർ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.

Read more

അതേസമയം കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നടത്തിവരുന്ന പ്രക്ഷോഭത്തോട് മുഖംതിരിച്ചുനിൽക്കുകയാണ് സർക്കാർ. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാർച്ച് 20 ദിവസങ്ങളിൽ രണ്ടുവട്ടംമാത്രമാണ് ചർച്ച നടന്നത്. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.