ആശാവർക്കർമാർ ശത്രുവല്ലെന്നും അദാനിയും അമ്പാനിയുമെല്ലാമാണ് ശത്രുക്കളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആശമാർക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് കേരളത്തിലാണെന്നും അവരുടെ പ്രശ്നം പരിഹരിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ആശ വർക്കർമാരുടെ സമരം തുടങ്ങിയത് സിഐടിയുവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ സമരവും, നേതൃത്വം നൽകുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. നേതൃത്വത്തിൽ എസ്ഡിപിഐ ഉണ്ട്, ജമാഅത്തെയുണ്ട്, എസ്യുസിഐ ഉണ്ട്. കേരളത്തിൻ്റെ വികസനത്തിന് എതിരായ ടീമാണിതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
അതേസമയം പാർട്ടിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് സമ്മേളനങ്ങൾ പൂർത്തിയാക്കിയതെന്നും നവകേരളത്തിനുള്ള പുതിയ വഴികൾ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതിയ മാറ്റങ്ങൾ സംബന്ധിച്ച ചർച്ച സമ്മേളനത്തിലുണ്ടാകും. ഭരണത്തുടർച്ചക്ക് ദിശാബോധം നൽകുന്ന ചർച്ചകൾ നടക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.