കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം ക്യാരിയറായ അഷ്റഫിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കൊടി സുനിയിലേക്ക്. അഷ്റഫിന്‍റെ ഫോണിൽ നിന്നും കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം ലഭിച്ചതിനെ തുടർന്നാണിത്. കണ്ണൂര്‍ സംഘത്തിന് കൊടി സുനിയുമായി ബന്ധമുണ്ടെന്നാണ് സൂചന. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് പൊലീസിനോട് സമ്മതിച്ചിരുന്നു.
മെയ് 26ാം തീയതി കരിപ്പൂരിലെത്തിയ അഷ്റഫിന്‍റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. രണ്ട് കിലോ സ്വർണമാണ് കഴിഞ്ഞ മാസം റിയാദിൽ നിന്ന് വന്ന അഷ്റഫ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷ്റഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു, ഇതിന് പ്രതിഫലമായി പത്തുലക്ഷം രൂപ അഷ്റഫിന് നല്‍കിയെന്നാണ് പൊലീസിന്‍റെ നിഗമനം.
കടത്തിക്കൊണ്ടുവന്ന സ്വർണം മുക്കിയതാണെന്ന് പറഞ്ഞാണ് കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോകുന്നത്. സ്വര്‍ണമോ മതിയായ തുകയോ നല്‍കണമെന്ന് ആവശ്യപ്പെട്ട് അഷ്റഫിനെ ഇവർ ഭീഷണിപ്പെടുത്തി. അഷ്റഫിനെ തട്ടികൊണ്ടുപോയി ക്രൂരമായ മർദനത്തിന് ശേഷം കുന്നമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു.
കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ അഷ്റഫ് പിന്നീട് കണ്ണൂര്‍ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനു മറുപടിയാണ് കൊടി സുനിയുടെ ശബ്ദ സന്ദേശം. കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ ആധികാരികത അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സെയ്ഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
Read more
“കൊയിലാണ്ടിയിലെ അഷ്റഫിന്‍റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്‍റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്””, എന്നാണ് കൊടി സുനിയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം. കൊടി സുനിയുടെ ശബ്ദസന്ദേശം താൻ കൊടുവള്ളി സംഘത്തിന് അയച്ച് കൊടുത്തുവെന്നും അഷ്റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.