അമരത്ത് കാനം തന്നെ; സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം മാറ്റമില്ലാതെ തുടരും; അവധി അപേക്ഷ പരിഗണിച്ച് സംസ്ഥാന എക്‌സിക്യൂട്ടിവ്

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തത്കാലം പകരക്കാരനെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കും. കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് പരിഗണിച്ചു.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കാല്‍പാദം മുറിച്ച് മാറ്റിയതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് കാനം രാജേന്ദ്രന്‍. പ്രമേഹവും അണുബാധയും മൂലം കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാനത്തിന്റെ പാദം മുറിച്ച് മാറ്റിയത്. ഇതേ തുടര്‍ന്ന് മൂന്ന് മാസത്തേക്കാണ് കാനം പാര്‍ട്ടിയോട് അവധി ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്.