ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീംകോടതിയിൽ. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിത കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഇരകളുടെയും പ്രതികളുടെയും സ്വകാര്യത സംരക്ഷിച്ച് കൊണ്ടുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം ഇരകളുടെയും പ്രതികളുടെയും സ്വകാര്യത ലംഘിക്കുന്നതല്ലെന്നും സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിനെതിരേ സജിമോന്‍ പാറയലിന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമപരമായ അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ അന്വേഷണം എങ്ങനെയാണ് സജിമോന്‍ പാറയലിനെ ബാധിക്കുന്നതെന്ന് അദ്ദേഹം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. വസ്തുതകള്‍ തെറ്റായി വിശദീകരിച്ച് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവിനായി സജിമോന്‍ ശ്രമിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യമല്ല സജിമോന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നും വനിത കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read more
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനിത കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ സുപ്രീംകോടതിയില്‍ അന്വേഷണത്തെ പിന്തുണച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷക കാമാക്ഷി എസ് മെഹ്വാള്‍ മുഖേനയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.