കണ്ണൂർ ഡി.സി.സി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തു: രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തതായി രമേശ് ചെന്നിത്തല. ഇന്നു രാവിലെയാണ് കണ്ണൂർ ഡി.സി.സിയുടെ പുതിയ ആസ്ഥാന മന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ആരംഭിച്ച ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ആസ്ഥാന മന്ദിര ഉദ്‌ഘാടനത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ക്ഷണിച്ചതിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നുവെന്നും ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ ആഗ്രഹിച്ചെങ്കിലും അവസാന നിമിഷം കഴിയാതെ വന്നിരിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിക്ക് അയച്ച കത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്.

ഇന്നു രാവിലെയാണ് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ കോൺഗ്രസ് ഭവൻ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്തത്.  രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് മന്ദിരമാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിൽ യാഥാർത്ഥ്യമായത്. രാഹുൽ ഗാന്ധി ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ശ്രീ രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസി യുടെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ zoom meeting വഴി പങ്കെടുത്തു.
കണ്ണൂർ ജില്ലയിലെ കോൺഗ്രസുകാർക്ക് അഭിമാനമാണ് ഈ മന്ദിരം.കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും എൻ്റെ അഭിനന്ദനങ്ങൾ.
ഈ മനോഹരമായ മന്ദിരം ഒരുക്കി തീർക്കുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച ഡിസിസി പ്രസിഡന്റ് ശ്രീ സതീശൻ പാച്ചേനി ക്ക് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ.