''ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ല''; എ.വി ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു

കോൺ​ഗ്രസിൻ്റെ പ്രമുഖ നേതാവായ എ.വി ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവെച്ചു. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വെച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി. ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘ‍ർഷത്തിനെ് ഒടുവിലാണ് ഇന്ന് രാജിവെയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് ഗോപിനാഥ് പറഞ്ഞു.

പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസ്സമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവെയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് പറഞ്ഞു.

”കോൺഗ്രസിൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഞാൻ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീർപ്പുണ്ടാക്കുകയാണ്. നിരന്തര ചർച്ചകൾക്ക് ശേഷമാണ് താൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തൻ്റെ അന്തിമതീരുമാനം. കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും താൻ രാജിവെച്ചതായി പ്രഖ്യാപിക്കുന്നു”- ഗോപിനാഥ് പറഞ്ഞു

ഈ നിമിഷം മുതൽ താൻ കോൺഗ്രസുകാരന്‍ അല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകലനങ്ങൾക്കും ആലോചനകൾക്കും ശേഷം എൻ്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ താൻ പോകുന്നില്ല. എച്ചിൽ നക്കിയ ശീലം ഗോപിനാഥിൻ്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി പറയുന്നു. സി പി എം ഉൾപ്പെടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.