15 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് അമൃത ആശുപത്രിയിലെത്തിച്ചു. മംഗലാപുരത്ത് നിന്ന് 400 കിലോമീറ്റര്‍ നാലര മണിക്കൂര്‍ കൊണ്ട് താണ്ടിയാണ് ആംബുലന്‍സ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യവുമായി മംഗലാപുരത്ത് നിന്നും രാവിലെ 10 മണിയോടെയാണ് വാഹനം പുറപ്പെട്ടത്.
മംഗലാപുരം സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ ഹൃദയരോഗത്തോടെ പിറന്ന 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിക്കാനായിരുന്നു ആംബുലന്‍സ് പുറപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയുടെ ചികിത്സ അമൃതയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
Read more
കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. രോഗികളുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രി സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയില്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.