ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read more
ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു. സര്‍ക്കുലര്‍ അനുശാസിക്കുന്ന കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി നടപടിയെടുക്കണം. ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലാത്ത ബോര്‍ഡുകള്‍ നീക്കം ചെയ്യണം. ആര്‍എസ്എസ് ശാഖകള്‍ കണ്ടെത്താന്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും.