ദുരന്ത ബാധിതര്‍ക്ക് ബാങ്കുകള്‍ മോറട്ടോറിയം പ്രഖ്യാപിക്കണം; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയും പലിശയും ആവശ്യപ്പെടരുതെന്ന് മന്ത്രിസഭ

വയനാട് ദുരന്ത ബാധിതര്‍ക്ക് ബാങ്കുകള്‍ മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരന്ത ബാധിതരെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും വായ്പയും പലിശയും ഈ അവസരത്തില്‍ ചോദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ഇക്കാര്യം അവശ്യപ്പെടുന്നതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

അതേസമയം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടുകള്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. താത്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പിണറായി അറിയിച്ചു. ഇരകള്‍ക്ക് വേണ്ടതെല്ലാം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

ദുരന്തബാധിത മേഖലയില്‍ തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച് സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിലപാട്. മന്ത്രി സഭാ ഉപസമിതി വയനാട്ടില്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.