എല്‍ദോസ് കുന്നപ്പള്ളിക്ക് എതിരെ പോസ്റ്റിട്ടതിന് മര്‍ദ്ദിച്ചു; പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് വാട്‌സാപ്പ് പോസ്റ്റിട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സാദിഖ് അമ്പാടന്‍, പെരുമ്പാവൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷെഫീഖ് എന്നിവര്‍ പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരാണ് മര്‍ദ്ദിച്ചതെന്ന് സാദിഖ് അമ്പാടന്‍ പറഞ്ഞു.

പീഡനക്കേസില്‍ ഉള്‍പ്പെട്ടതോടെ ആറു മാസത്തേക്ക് കെപിസിസി സസ്‌പെന്‍ഡ് ചെയ്ത എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് പാര്‍ട്ടി പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ തെരുവു വിചാരണ യാത്രയിലാണ് എല്‍ദോസ് കുന്നപ്പിള്ളിയെയും ഉള്‍പ്പെടുത്തിയത്. മേഖലയില്‍ വ്യാപകമായി പതിച്ചിരിക്കുന്ന പരിപാടിയുടെ പോസ്റ്ററുകളില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ചിത്രവുമുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവു വിചാരണ യാത്ര നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് നടക്കുന്നത്.

പീഡനക്കേസില്‍ ഉള്‍പ്പെട്ട എംഎല്‍എയെ പാര്‍ട്ടി പദവികളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും ആറു മാസത്തേക്കാണ് വിലക്കിയത്. സസ്‌പെന്‍ഷന്‍ കാലയളവ് നിരീക്ഷണ കാലയളവായിക്കൂടി പരിഗണിക്കുമെന്ന് സസ്‌പെന്‍ഷന്‍ തീരുമാനം പുറത്തുവിട്ടപ്പോള്‍ കെപിസിസി വ്യക്തമാക്കിയിരുന്നു.