IPL 2025: ജയ്‌സ്വാളോ കോലിയോ ആരാണ് ബെസ്റ്റ്, ഇത്ര മത്സരങ്ങള്‍ക്ക് ശേഷം ഈ താരം മുന്നില്‍, എന്നാല്‍ അവന്റെ ഈ റെക്കോഡുകള്‍ ആര്‍ക്കും തൊടാന്‍ കഴിയില്ല

ഐപിഎല്‍ പിന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ ജയവും തോല്‍വിയും അറിഞ്ഞ് മുന്നോട്ടുപോവുകയാണ് മിക്ക ടീമുകളും. അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മാത്രമാണ് ഇതുവരെ തോല്‍വറിയാതെ മുന്നേറുന്ന ടീം. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് മുന്നേറിയെങ്കിലും മൂന്നാം മത്സരത്തില്‍ തോല്‍വി വഴങ്ങി. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാവട്ടെ പഞ്ചാബിനെ തോല്‍പ്പിച്ച് കഴിഞ്ഞ ദിവസം പോയിന്റ് ടേബിളില്‍ മുകളിലോട്ട് ഉയര്‍ന്നു. രാജസ്ഥാനായി യശസ്വി ജയ്‌സ്വാള്‍ ഫോമിലേക്കുയര്‍ന്നത് കഴിഞ്ഞ ദിവസമായിരുന്നു. സഞ്ജു സാംസണിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ ജയ്‌സ്വാള്‍ കരുതലോടെ ബാറ്റിങ് ചെയ്ത് 67 റണ്‍സ് ടീം ടോട്ടലിലേക്ക് ചേര്‍ത്തു. ഈ സീസണില്‍ ആദ്യമായാണ് ഒരു ഇംപാക്ടുളള ഇന്നിങ്‌സ് യുവതാരം കാഴ്ചവച്ചത്.

അതേസമയം 57 മത്സരങ്ങളാണ് ജയ്‌സ്വാള്‍ ഇതുവരെ രാജസ്ഥാനായി കളിച്ചത്. ഇത്രയും മത്സരങ്ങള്‍ താരം പിന്നിടുമ്പോള്‍ വിരാട് കോലിയുമായുളള ഒരു താരതമ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കളിച്ച ആദ്യ 57 മത്സരങ്ങളില്‍ ഇരുവരും എത്ര റണ്‍സ് സ്‌കോര്‍ ചെയ്തു എന്നുളളതാണ് നോക്കുന്നത്. 2020ലാണ് ജയ്‌സ്വാള്‍ ഐപിഎലില്‍ അരങ്ങേറുന്നത്. ഇതുവരെ 57 മത്സരങ്ങള്‍ കളിച്ച താരം 56 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 1708 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഐപിഎലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ഒരാളാണ് വിരാട് കോലി. 255 മത്സരങ്ങളില്‍ നിന്നായി 8101 റണ്‍സാണ് കോലി നേടിയത്. 38.76 ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. 56 അര്‍ധസെഞ്ച്വറികളും എട്ട് സെഞ്ച്വറികളും കോലി തന്റെ ഐപിഎല്‍ കരിയറില്‍ നേടി. ആദ്യത്തെ 57 മത്സരങ്ങളിലെ 50 ഇന്നിങ്ങ്‌സുകളിലായി 1131 റണ്‍സാണ് താരം നേടിയത്. ഇത്രയും മത്സരങ്ങളില്‍ 26.93 ആണ് കോലിയുടെ ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 121.48ഉം. ജയ്‌സ്വാളിന് ഇത്രയും മത്സരങ്ങളില്‍ 31.62ശരാശരിയും 149.30ഉം സ്‌ട്രൈക്ക് റേറ്റുമുണ്ട്. 57 മത്സരങ്ങളില്‍ 10 അര്‍ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് ജയ്‌സ്വാള്‍ നേടിയത്. എന്നാല്‍ കോലിക്ക് അഞ്ച് ഫിഫ്റ്റി മാത്രമാണ് ഇത്ര മത്സരങ്ങളിലുളളത്.

Read more