മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്കുപോലും പോലും പിന്‍വലിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. ാനൊരു മുസ്‌ലിം വിരോധിയല്ലെന്നും ആടിനെ പട്ടിയാക്കാനാണ് ചില മുസ്ലിം ലീഗ് നേതാക്കളുടെ ശ്രമമെന്നും അദേഹം തുറന്നടിച്ചു. സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. തന്നെ വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചു.
ഒരു ഹിന്ദുവിനെ എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് മലപ്പുറത്ത് സ്ഥാനാര്‍ഥിയാക്കുന്നില്ല. നീതിക്ക് വേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ എന്റെ കോലം കത്തിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തന്നെ കത്തിച്ചാലും വിരോധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു കോളജ് പോലുമല്ല. എന്നാല്‍, 17 കോളജുകളാണ് മുസ്‌ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്എന്‍ഡിപിയുടെ ഒരു അണ്‍ എയ്ഡഡ് കോളജ് എയ്ഡഡാക്കാന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും അത് ചെയ്ത് തരാന്‍ യുഡിഎഫ് ഭരണകാലത്ത് തയാറായില്ല. തുടര്‍ന്നാണ് ലീഗുമായി വേര്‍പിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭായി ഭായി ആയി നടന്നതിനുശേഷം വഞ്ചിക്കപ്പെട്ടപ്പോഴാണ് ഞാന്‍ മാറിയത്. അന്ന് കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തിരിച്ചു വിളിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. കാരണം യുഡിഎഫില്‍നിന്ന് നീതി കിട്ടിയില്ലെന്നു മാത്രമല്ല. ഞങ്ങള്‍ അപമാനിക്കപ്പെട്ടു. അന്നുമുതലാണ് ഞാന്‍ വര്‍ഗീയവാദിയായതും എതിര്‍ക്കപ്പെടാന്‍ തുടങ്ങിയതുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്തെ നിലമ്പൂര്‍ എന്ന സ്ഥലം കുടിയേറ്റക്കാര്‍ ഏറെയുള്ള, മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏതാണ്ട് സമാസമമുള്ള സ്ഥലമാണ്. ഈഴവ സമുദായത്തിന് ആ ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നു പറയുമ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന തനിക്ക് തന്റെ സമുദായത്തെക്കുറിച്ചുള്ള പ്രയാസവും ദുഃഖവും മനസിലാക്കണം. ഈ ദുഃഖം പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണിയെന്നും പറഞ്ഞുകൊണ്ട് മുസ്ലിം ലീഗുമായി കെട്ടിപ്പിടിച്ച് സഹോദരരെപ്പോലെ മാര്‍ച്ച് നടത്തി സൗഹാര്‍ദത്തോടെ മുന്നോട്ടുപോയതാണ്. പക്ഷേ ഭരണത്തില്‍ വന്നിട്ട് യുഡിഎഫും ലീഗും ഞങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ഈ സമ്മേളനങ്ങളിലെല്ലാം എത്രയോ ലക്ഷം രൂപ എസ്എന്‍ഡിപിയെക്കൊണ്ട് മുടക്കിച്ചു.
അതേസമയം, മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ്. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ പറഞ്ഞു.
അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ പറഞ്ഞു.
ഒരു കാലത്ത് വിഷം വമിപ്പിക്കുന്നവരോട് അരുതെന്ന് പറയാനുള്ളവരായിരുന്നു സമുദായ നേതൃത്വം. ഇന്ന് അവര്‍ തന്നെ വിദ്വേഷം പറയുന്നുവെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസും പറഞ്ഞു. വെള്ളാപ്പള്ളി മലപ്പുറം ജില്ലക്കെതിരായി നടത്തിയിട്ടുള്ളത് അത്തരത്തിലുള്ളതാണ്. ഒരു സമുദായ നേതാവില്‍ നിന്ന് കേരളം ആഗ്രഹിക്കാത്തത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച കാലത്താണോ നമ്മള്‍ ജീവിക്കുന്നതെന്ന് തോന്നിപ്പോവുന്ന വര്‍ത്തമാനം!
വൈകാരികമായ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ പരിഹാരമല്ല.
കേരളത്തിലെ സൗഹാര്‍ദ്ധാന്തരീക്ഷം നില നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതിനേറെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ തകര്‍ത്തപ്പോള്‍ അവിടെ ഓടിയെത്തിയത് ശിഹാബ് തങ്ങളാണ്. സാമൂഹ്യ ദ്രോഹികള്‍ ചെയ്ത തെറ്റിന് തങ്ങളെന്തിന് അവിടെ പോകണം എന്ന് ചോദിച്ചവരുണ്ടായിരുന്നു. തങ്ങള്‍ ഗൗനിച്ചില്ല. അവിടെ പോയി എന്ന് മാത്രമല്ല ഗോപുര വാതില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാക്കും കൊടുത്തു. ഇരു സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാകുന്ന ഘട്ടത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പരമ പ്രധാനമെന്ന് തെളിയിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍.
Read more
പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമേറ്റെടുത്തപ്പോള്‍ സയ്യിദ് സാദിഖലി തങ്ങള്‍ ഊന്നല്‍ കൊടുത്തത് വലിയ സ്വീകരണ സമ്മേളനങ്ങള്‍ക്കല്ല. കേരളം മുഴുവന്‍ ഓടി നടന്ന് വിവിധ സമുദായ നേതാക്കളുമായി കൂടിയിരിക്കാനാണ്. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും സൗഹാര്‍ദ്ധം തകര്‍ക്കുന്ന അന്തരീക്ഷത്തിന് കൂട്ടു നില്‍ക്കില്ലെന്നുറപ്പിക്കാനാണ്. അത്തരം ശ്രമങ്ങളെ തകര്‍ത്താലേ കേരളത്തില്‍ ചിലര്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ കഴിയൂ. അവര്‍ക്കല്‍പ്പം പോലും ഗുണം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ നമ്മളുണ്ടാവരുത്. ആരുടെയും പ്രകോപനത്തില്‍ വീണു പോകരുതെന്നും പികെ ഫിറോസ് പറഞ്ഞു.