സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്; അവസാന മണിക്കൂറുകളില്‍ അസാധാരണ സംഭവങ്ങള്‍; കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ്

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന മണിക്കൂറുകളില്‍ അസാധാരണ സംഭവങ്ങള്‍. കേന്ദ്ര കമ്മിറ്റിയില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങളുടെ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശ് ഘടകമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

84 പേരുടെ കേന്ദ്ര കമ്മിറ്റി പാനലില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നായിരുന്നു ആരോപണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഡിഎല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നും എതിര്‍പ്പുയരുകയായിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ബംഗാള്‍ ഘടകം എതിര്‍ക്കുകയായിരുന്നു. ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയും ചെയ്തു.

പിബിയില്‍ നിന്ന് പ്രായപരിധി കാരണം ഒഴിയുന്ന 6 പേരെ കേന്ദ്രകമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സിപിഎം ദേശീയ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, ഹനന്‍മൊള്ള എന്നിവരെയാണ് കേന്ദ്ര കമ്മറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും.