ഓണക്കാലത്ത് റെക്കോഡ് മദ്യ വില്‍പ്പനയുമായി ബെവ്‌കോ; മലയാളി കുടിച്ചുതീര്‍ത്തത് എത്ര കോടിയെന്ന് അറിയേണ്ടേ?

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോഡ് മദ്യ വില്‍പ്പനയുമായി ബെവ്‌കോ. സെപ്റ്റംബര്‍ 6 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ബെവ്‌കോയിലൂടെ മലയാളികള്‍ കുടിച്ചുതീര്‍ത്തത് 818.21 കോടി രൂപയുടെ മദ്യമാണ്. ആറാം തീയതി മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ ബെവ്‌കോയിലൂടെ 701 കോടി രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 715 കോടി രൂപയുടെ മദ്യം ബെവ്‌കോയിലൂടെ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഉത്രാടം കഴിഞ്ഞുള്ള രണ്ട് പ്രവര്‍ത്തി ദിവസങ്ങളിലായി ബെവ്‌കോ മുന്‍ വര്‍ഷത്തെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണം വില്‍പ്പന 809.25 കോടി രൂപയായിരുന്നു ബെവ്‌കോയുടെ വില്‍പ്പന.

ഉത്രാട ദിനത്തിലും ഇക്കൊല്ലം ബെവ്‌കോ റെക്കോര്‍ഡ് വില്‍പ്പന നടത്തിയിരുന്നു. 124 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിനത്തില്‍ വിറ്റഴിച്ചത്. അതേസമയം 120 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്രാട ദിനത്തിലെ വില്‍പ്പന. നേരത്തെ ഓണത്തിന് ബെവ്‌കോ ജീവനക്കാരുടെ ബോണസ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

93,000 രൂപയായിരുന്നു ഗ്രേഷ്യോ ഉള്‍പ്പെടെയുള്ള ബെവ്‌കോ ജീവനക്കാരുടെ ഇത്തവണത്തെ ബോണസ്. സ്വീപ്പര്‍ പോസ്റ്റ് ജീവനക്കാര്‍ക്ക് 5,000 രൂപ വരെ ബെവ്‌കോ ബോണസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 90,000 രൂപയായിരുന്നു ഓണം ബോണസ് ഇനത്തില്‍ ജീവനക്കാര്‍ക്ക് ലഭിച്ചത്.