ശബരിമലയിൽ ദർശനം നടത്തും; പൊലീസ്​ സുരക്ഷ​ നൽകിയില്ലെങ്കിൽ  കോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി

മണ്ഡലകാലത്ത്​ തന്നെ ശബരിമലയിൽ ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇതിന് പൊലീസ് സംരക്ഷണം തേടി കമ്മീഷണറുടെ ഓഫീസിൽ പോകും. പൊലീസ് സുരക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ  കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.

യുവതികളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്​. കമ്മീഷണർ ഓഫീസിന്​ മുന്നിൽ വെച്ച്​ ത​​ൻെറ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ദുർബല വകുപ്പുകളാണ്​ ചുമത്തിയത്​. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. ഇതിന്​ പിറകിൽ പൊലീസി​​ൻെറ ഗൂഡാലോചനയുണ്ടെന്ന്​ സംശയിക്കുന്നു. സ്​ത്രീകളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അറസ്​റ്റു ചെയ്​തു നീക്കുകയാണ്​ പൊലീസ്​ ചെയ്യേണ്ടതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

തനിക്കെതിരെ മുളക്​ സ്​പ്രേ അടിച്ച പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ്​ നിഷ്​ക്രിയമായി പെരുമാറി. പ്രജീഷ്​ വിശ്വനാഥൻ ഉൾപ്പെടെയുള്ളവർ തനിക്കെതിരെ കൈയേറ്റശ്രമം നടത്തിയെന്നും ബിന്ദു ആരോപിച്ചു.  തൃപ്​തി ദേശായിക്കും സംഘത്തിനുമൊപ്പം കമ്മീഷണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക്​ നേരെ ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് മുളക്​ സ്​പ്രേ അടിക്കുകയായിരുന്നു. അറസ്​റ്റിലായ ഇയാൾ​ റിമാന്‍ഡിലാണ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.