തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും പക്ഷിശല്ല്യം; ഡല്‍ഹിയിലേക്ക് പറന്നുയരുന്നതിനിടെ എഞ്ചിനില്‍ കൊക്ക് ഇടിച്ചുകയറി; വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷിശല്ല്യം വീണ്ടും തലപൊക്കി. ഇന്നലെ
ഡല്‍ഹിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനിലേക്ക് കൊക്ക് ഇടിച്ചുകയറി. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 8.20-ന് 140 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് പക്ഷി ഇടിച്ചത്.

യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എന്‍ജിനില്‍ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അനുമതി ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ്ങിനുള്ള സംവിധാനം ഒരുക്കുകയായിരുന്നു.

വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാവാഹനങ്ങളും സി.ഐ.എസ്.എഫ്. കമാന്‍ഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി. തുടര്‍ന്ന് രാത്രി 9.30-ഓടെ പൈലറ്റ് സുരക്ഷിതമായി വിമാനം തിരിച്ചിറക്കുകയായിരുന്നു.