സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഇന്ന് ഹൈക്കോടതയിൽ ഹർജി സമർപ്പിക്കും. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് തന്നെ കേസ് കേൾക്കണമെന്ന സ്ഥാനാർത്ഥികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. തലശ്ശേരി, ഗുരുവായൂർ, ദേവികുളം സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകരായ ശ്രീകുമാറും രാം കുമാറും ആണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. പത്തു മണിയോടെ ഹര്‍ജി ഫയല്‍ ചെയ്യും. ഒരു മണിയോടെ വാദം കേള്‍ക്കുമെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി വിധി അനുകൂലമായില്ലെങ്കില്‍ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കും.
തലശേരിയില്‍ ബിജെപിയുടെ കണ്ണർ ജില്ലാ അധ്യക്ഷനായ എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള ദേശീയ അദ്ധ്യക്ഷന്‍റെ ഒപ്പോട് കൂടിയ കത്ത് ഇല്ല എന്നതാണ് തള്ളാനുള്ള കാരണം. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിതയുടെ പത്രിക സംസ്ഥാന അദ്ധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്.
Read more
ദേവികുളത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രികയും വരണാധികാരി തള്ളിയിരുന്നു. എഐഎഡിഎംകെയിലെ ആർ.എം ധനലക്ഷ്മിയായിരുന്നു ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥി. പത്രിക തള്ളിയ വരണാധികാരിയുടെ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പത്രിക തള്ളിയത്.