സ്വർണക്കടത്ത്‌ കേസിൽ‌ ബി.ജെ.പിയുടെ ഇടപെടല്‍; മൊഴിചോർച്ച വിവാദമാക്കി അനിൽ നമ്പ്യാരെ അറസ്‌റ്റിൽ നിന്നും രക്ഷിച്ചു ‌ 

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ജനം ടി. വി എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്ക് തിരിഞ്ഞതോടെ കേസില്‍ ഇടപെട്ട് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ചോർന്നത് വിവാദമാക്കി തടിയൂരാനാണ്‌ ബി.ജെ.പി ശ്രമമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിൽ നിന്ന്‌ മൊഴി ചോർന്നിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന്‌ ശേഷവും അന്വേഷണസംഘത്തിനെതിരെ ബിജെപിയും അനുകൂല മാധ്യമങ്ങളും പ്രചാരണം തുടരുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നാണ് ബി.ജെ.പി ആരോപണം. ഇതേതുടര്‍ന്ന് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി നടത്താനുള്ള തീരുമാനത്തിനെതിരെയും ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സ്വർണക്കടത്ത്‌ ഗൂഢാലോചനയിൽ പങ്കാളിയായ അനിൽ നമ്പ്യാരുടെ തുടർ ചോദ്യം ചെയ്യലിന്‌ തടയിടാനും വിവാദമുയർത്തിയതോടെ ബിജെപിക്കായെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. 27-ന്‌ ചോദ്യം ചെയ്‌ത ശേഷം അനിൽ നമ്പ്യാർ കൊച്ചിയിൽ കസ്‌റ്റംസിന്റെ  നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ ഹോട്ടലിലാണ്‌ പാർപ്പിച്ചിരുന്നത്‌. മൊഴിചോർച്ച വിവാദമുയർന്നതോടെ തുടർ ചോദ്യം ചെയ്യൽ ഉപേക്ഷിച്ച്‌ അനിൽ നമ്പ്യാരെ കൊച്ചിയിൽ  നിന്ന്‌ വിട്ടയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊഴി ചോര്‍ച്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രിവന്റീവ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊഴിചോര്‍ച്ച വിവാദമായതോടെ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. എസ് ദേവിനെ കസ്റ്റംസ് നിയമ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നേരത്തെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റുകയും അന്വേഷണ സംഘത്തിലെ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ എട്ടുപേരെയും പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

കസ്റ്റംസ് നിയമം 108ാം വകുപ്പ് പ്രകാരം സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ ഗുരുതര പരാമര്‍ശമാണുള്ളത്. 108ാം വകുപ്പ് പ്രകാരമുള്ള മൊഴി തെളിവായെടുത്ത് കൊണ്ട് തന്നെ അനില്‍ നമ്പ്യാരെ അറസ്റ്റ് ചെയ്യാവുന്നതുമാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് അനില്‍ നമ്പ്യാരെ വിട്ടയക്കുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.