സുരേന്ദ്രന് എതിരെ സമ​ഗ്ര അന്വേഷണം നടത്തിയാൽ ബി.ജെ.പിയുടെ ഭീകര മുഖം പുറത്ത് വരും: മഞ്ചേശ്വരം എം.എൽ.എ

മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമ​ഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ, എ.കെ.എം അഷ്റഫ്. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എം.എല്‍.എ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇത്തവണ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കര്‍ണാടകയിലെ മന്ത്രിമാരുടേയും എം.പിമാരുടേയും എം.എല്‍.എമാരുടേയും പണമൊഴുക്കിന്റെ തിരഞ്ഞെടുപ്പായിരുന്നു എന്നും അഷ്‌റഫ് പറഞ്ഞു. ഓരോ വീടുകളിലും ബി.ജെ.പി ഭക്ഷ്യകിറ്റുകളും അത് വഴി പണവും നല്‍കിയിരുന്നു. കിറ്റിനകത്ത് 5000 രൂപയാണ് ഓരോ വീടുകളിലും എത്തിച്ചത്. ഇത് മഞ്ചേശ്വരത്തെ ജനങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.  ബി.ജെ.പി പണം മുടക്കലില്‍ കര്‍ണാടകയില്‍ നിന്നുള്ള ആര്‍.എസ്.എസ് ഇടപെടല്‍ വളരെ വലുതായിരുന്നു. അതില്‍ അന്വേഷണം നടത്തിയാല്‍ കേരളം ഞെട്ടുന്ന ബിജെപിയുടെ ഭീകരമുഖം പുറത്ത് വരും.

Read more

മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ താൻ  പത്രിക പിൻവലിച്ചത് ബി.ജെ.പി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണെന്ന് കെ സുന്ദര  വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് നൽകിയത്. പണം ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈയിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തി.