കേരള പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ  തോക്കുകളും വെടിയുണ്ടകളും കാണാനില്ല; പകരം വ്യാജ ഉണ്ടകൾ വെച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ  തോക്കുകളും വെടിയുണ്ടകളും റൈഫിളുകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്‍എപിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍ 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ ഇതാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വെച്ചു. സംഭവം മറച്ചു വെയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണ് സിഎജിയുടേത്.

സംസ്ഥാന നിയമസഭയിൽ ഇന്ന് സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.  സിഎജി റിപ്പോർട്ടിലെ ജനറൽ സോഷ്യൽ സെക്ടറിനെ കുറിച്ചുള്ള ഭാഗത്തിൽ 23 മുതൽ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.

സിഎജിയുടെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്,

  • തിരുവനന്തപുരം എസ്‍എപി ക്യാമ്പിൽ മാത്രം സ്റ്റോക്കിൽ ഉണ്ടായിരുന്ന 25 റൈഫിൾ കാണാനില്ല
  • വെടിയുണ്ടകളിൽ 12,061 എണ്ണം കാണാനില്ല
  • 250 കാറ്ററിഡ്‍ജുകൾ കൃത്രിമമായി എസ്‍എപി ക്യാമ്പിൽ വെച്ചിട്ടുണ്ട്
  • ഇതെങ്ങനെ വന്നു എന്ന് അവിടത്തെ കമാൻഡന്‍റിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല
  • പൊലീസ് അക്കാദമിയിൽ 7.62 mm വെടിയുണ്ടകൾ 200 എണ്ണം കാണാനില്ല
  • ആയുധങ്ങൾ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലുെ രജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തൽ വരുത്തിയിട്ടുണ്ട്
  • ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തി എഴുതിയിട്ടുണ്ട്. അതിൽ പലതും വായിക്കാൻ പോലും കഴിയുന്ന തരത്തിലല്ല.

ഇത് സംസ്ഥാനത്തിന്‍റെ സുരക്ഷയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായതിനാൽ സത്വര നടപടി ആവശ്യമാണെന്ന് സിഎജി റിപ്പോ‍ർട്ടിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തി കാറ്ററിഡ്‍ജുകളോ റൈഫിളുകളോ എവിടെ പോയെന്ന് കണ്ടെത്തണം. ഇത് നഷ്ടമായതാണോ, ആണെങ്കിൽ എങ്ങനെയെന്ന് കണ്ടുപിടിക്കണം. പൊലീസിന്‍റെ ചീഫ് സ്റ്റോഴ്‍സുകളിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആയുധശേഖരങ്ങൾ ഉള്ളയിടങ്ങളിലെല്ലാം അന്വേഷണം നടത്തണം. ഉപയോഗിക്കാവുന്ന ആയുധങ്ങൾ കാണാതായ സ്ഥിതി സുരക്ഷാ സംവിധാനത്തെ തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വെടിക്കോപ്പുകൾ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും, ഇതിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റയ്ക്ക് എതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള തുക വക മാറ്റിയെന്നും കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് വെടിക്കോപ്പുകളിലെ വൻ കുറവ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.