ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്

കോഴിക്കോട് നടന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്ത് പൊലീസ്. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നും പൊലീസ് പറഞ്ഞു.

Read more

ഏതൊക്കെ നേതാക്കള്‍ക്കെതിരേയാണ് കേസെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് വ്യക്തമാക്കുമെന്നാണ് പൊലീസ് പറയുന്നത്. വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്.