പള്ളിയോടത്തില്‍ ഷൂസിട്ട് ഫോട്ടോ ഷൂട്ട്; യുവതിക്ക് എതിരെ കേസ്

പത്തനംതിട്ട പുതുക്കുളങ്ങരയിൽ പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിയോട സേവാസംഘം നൽകിയ പരാതിയിലാണ് കേസ്. തൃശൂർ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടുത്തത്.

ഓണത്തിനു മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. വ്രതശുദ്ധിയോടു കൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസ്സിലായതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ ഒഴിവാക്കിയിരുന്നു.

പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോട പുരകളിലാണ്. ഇവിടെ പോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക്‌ പങ്കെടുക്കുന്ന വള്ളങ്ങളാണ്‌ പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്.

Read more

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്.