ഭാര്യയ്ക്ക് രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസ്; സി.ബി.ഐ അന്വേഷിക്കും

കാനഡയില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ രാസ്വസ്തു നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച് കേസ് സി.ബി.ഐ അന്വേഷിക്കും. എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

കാനഡയില്‍ വച്ച് ഭര്‍ത്താവ് ശ്രീകാന്ത് മേനോന്‍ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു വായില്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. അന്നനാളതതിലും, ശ്വാസനാളത്തിലും ഗുരുതരമായി പൊള്ളലേറ്റ ചോറ്റാനിക്കര സ്വദേശിയായ യുവതി നാട്ടിലെത്തിയാണ് ചികിത്സ തേടിയത്.

2018ലായിരുന്നു ഇരുവരുടേയും വിവാഹം. 2020ല്‍ ശ്രീകാന്തിനോടൊപ്പം ശ്രുതി കാനഡയിലെത്തി. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ലഹരി ഉപയോഗിക്കാനും നിര്‍ബന്ധിച്ചിരുന്നു. ഭര്‍ത്താവിന്റെ ഭീഷണി കാരണം രാസവസ്തു കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്നാണ് അന്ന് കാനഡ പൊലീസിന് മൊഴി നല്‍കിയത്. നാട്ടില്‍ എത്തിയ ശേഷമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സംഭവം നടന്നത് കാനഡയില്‍ ആയതിനാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. 2020 ല്‍ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസന്വേഷണം കൃത്യമായി നടക്കാത്തതില്‍ വീട്ടുകാരുടെ പരാതിയും ഉയര്‍ന്നതോടെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.