താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവര്‍ പ്രതികളാണ്.

പ്രതിപ്പട്ടികയിലുള്ളവര്‍ മലപ്പുറം എസ്പിയുടെ നിയന്ത്രണത്തിലുള്ള ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളാണ്. പ്രതിപ്പട്ടികയിലുള്ളവര്‍ മാത്രമാണ് ചേളാരിയില്‍ നിന്നും താമിര്‍ ജിഫ്രിയെയും സംഘത്തെയും പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.  ഡിവൈഎസ്പി റോണക്ക് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമാണ് താനൂരെത്തിയത്. സിബിഐയുടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. കൂടുതല്‍ പേര്‍ പ്രതി പട്ടികയില്‍ ഉണ്ടാകുമെന്നും സിബിഐ അറിയിച്ചു.

ഓഗസ്റ്റ് 1ന് പുലര്‍ച്ചെ ആയിരുന്നു താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. അസ്വഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. അന്വേഷണത്തില്‍ ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയും നാലു പൊലീസുകാരെ പ്രതികളാക്കി പരപ്പനങ്ങാടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 9ന് ആയിരുന്നു താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.