വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ മത്സരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വേണു. സിപിഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരുമെന്നും പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിക്കാന്‍ കെ കെ രമ നിയമസഭയില്‍ ഉണ്ടാവുമെന്നും എന്‍ വേണു പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.
“51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ പിണറായിയും കമ്പനിയും വിചാരിച്ചത് കൊടി മടക്കി ഞങ്ങളൊക്കെ വനവാസത്തിന് പോകുമെന്നാണ് അതിനുള്ള ഉത്തരം ഏപ്രില്‍ 6 ന് കാണാം. സിപിഐഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരും. പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യം ചോദിക്കാന്‍ കെകെ രമ നിയമസഭയിലുണ്ടാവും,” എന്‍ വേണു പറഞ്ഞു.
Read more
യുഡിഎഫ് പിന്തുണയോടെയാണ് കെ കെ രമ വടകരയില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പിന്തുണയില്ലാതെ മത്സരിച്ച ആര്‍എംപി നേതാവിന് 20,504 വോട്ടുകള്‍ ലഭിച്ചിരുന്നു. മനയത്ത് ചന്ദ്രനെ 9,511 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ജെഡിഎസ് നേതാവ് സി കെ നാണു നിയമസഭയിലെത്തി. സി കെ നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന്‍ 39,700 വോട്ടുകളും ബിജെപിയുടെ എം രാജേഷ് കുമാര്‍ 13,937 വോട്ടുകളും നേടി.