"ചെന്നിത്തല കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാൾ, എന്നാൽ ഗ്രാഫ് താഴെ": എം.ജി രാധാകൃഷ്‌ണൻ

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ചെന്നിത്തല പ്രവര്‍ത്തിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് എം.ജി രാധാകൃഷ്‌ണൻ. എന്നാൽ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തല ചെയ്ത നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ ഈ ദുരന്തകാലത്ത് അദ്ദേഹത്തിന് വിനയായെന്നും എം.ജി രാധാകൃഷ്‌ണൻ ഏഷ്യാനെറ്റ് ന്യൂസിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെയും അതിന്റെ ജനപ്രിയനായ മുഖ്യമന്ത്രിയെയും കുറ്റം മാത്രം പറയുന്നതിനൊപ്പം പ്രത്യാശയുടെ ബദല്‍ സന്ദേശങ്ങളോ പ്രവര്‍ത്തനത്തിന്റെ ബദല്‍ മാതൃകകളോ കൂടി മുന്നോട്ട് വെച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രമേശിന്റെ ഗ്രാഫ് ഇത്രയധികം താഴെപ്പോകാന്‍ ഇടയുണ്ടാകുമായിരുന്നില്ലെന്നും എം.ജി രാധാകൃഷ്‌ണൻ പറയുന്നു.

പിണറായി സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടു വരികയും തിരുത്തിക്കുകയും ചെയ്തത് ചെന്നിത്തലയാണ്. അന്വേഷണാത്മക പ്രവര്‍ത്തനം നടത്തുന്ന മാധ്യമങ്ങള്‍ക്കൊക്കെ കഴിഞ്ഞതിന്റെ പലമടങ്ങ്. ചെന്നിത്തലയുടെ സംഭാവനയ്ക്ക് മറ്റൊരു വലിയ മൂല്യം കൂടിയുണ്ട്. ഭരണകൂടത്തില്‍ സുതാര്യതയും ജനാധിപത്യവും ഏറ്റവും കുറഞ്ഞ കാലമായിരുന്നു ഈ അഞ്ച് വര്‍ഷമെന്നും എം.ജി രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

ചെന്നിത്തല പുറത്തു കൊണ്ടുവന്ന നിരവധി പിഴവുകള്‍ തിരുത്തപ്പെട്ടിരുന്നില്ലെങ്കില്‍ കേരളത്തിന് ഉണ്ടാകുമായിരുന്ന നഷ്ടങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുമ്പ് വി എസ് അച്യുതാനന്ദന്‍ വഹിച്ച “വിസില്‍ ബ്ലോവര്‍” ദൗത്യം ഇക്കാലത്ത് നിര്‍വഹിച്ചത് ചെന്നിത്തല ആയത്. പക്ഷെ ഇതൊക്കെ ആയിട്ടും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി എസ് കൈവരിച്ച വ്യാപകമായ അംഗീകാരവും സമ്മതിയും ചെന്നിത്തലയ്ക്ക് ലഭിക്കാതെ പോയി എന്നും എം.ജി രാധാകൃഷ്‌ണൻ ലേഖനത്തിൽ പറയുന്നു.