വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2030ല്‍ 10,000 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ 100 ശതമാനം വൈദ്യുതിയും 2040ഓടെ പുനരുപയോഗ ജലവൈദ്യുത സ്രോതസ്സുകളില്‍നിന്ന് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായും തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുട്ടാപ്പോക്ക് നയം ഈ സര്‍ക്കാരിനില്ല. 2016ല്‍ അധികാരത്തില്‍വന്ന സര്‍ക്കാര്‍ തൊട്ടിയാര്‍ പദ്ധതി വേഗത്തിലാക്കി. ആഭ്യന്തര ഉല്‍പാദനം കൊണ്ടുമാത്രം സംസ്ഥാനത്തെ വൈദ്യുതാവശ്യം നിറവേറ്റാനാകില്ല. ജലവൈദ്യുതി പദ്ധതി, സോളാര്‍, കാറ്റ്, പമ്പ്ഡ് സ്റ്റോറേജ് എന്നിവയിലൂടെയാണ് കൂടുതല്‍ ഉല്‍പാദനം കൈവരിക്കാനാവുക. വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ വിതരണ ശൃംഖലയെ നവീകരിക്കണം. വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മതിയായ ഊര്‍ജലഭ്യത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500മുതല്‍ 5,000 മെഗാവാട്ട് വൈദ്യുതി വേണം. കഴിഞ്ഞ വേനലില്‍ ആവശ്യകത 5,700 മെഗാവാട്ടിന് മുകളിലെത്തി.

Read more

തൊട്ടിയാര്‍ പദ്ധതിക്കുപുറമേ ഈ സര്‍ക്കാര്‍ ഇതുവരെ 88.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതികളും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.