മലപ്പുറം തിരൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിന് ഇടയില്‍ തല കുടുങ്ങി കുട്ടി മരിച്ചത് കഴുത്ത് ഒടിഞ്ഞെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗേറ്റിന്റെ രണ്ട് ഭാഗത്ത് നിന്നും സമ്മർദം ഉണ്ടായതിനെ തുടർന്ന് കഴുത്തിന് ഒടിവ് സംഭവിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. തിരൂര്‍ ആലിന്‍ ചുവട് എംഇടി സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍.
ഇന്നലെയായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാന്റെ തല അയല്‍പക്കത്തെ വീട്ടിലെ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളിൽ കുടിങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ സിനാൻ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും ഗേറ്റിനിടയിൽ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജിവന്‍ രക്ഷിക്കാനായില്ല.
തിരൂർ സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍-സജ്നാ ദമ്പതികളുടെ മകനാണ് മുഹമ്മദ് സിനാന്‍. അതേസമയം സിനാന്റെ മരണവർത്തയറിഞ്ഞെത്തിയ മുത്തശ്ശിയും മരിച്ചു. സിനാന്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. മുഹമ്മദ് സിനാന്റെയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി.