ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

ഇടുക്കി ചിന്നക്കനാലില്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നേരിട്ട സിനി ബേബി പഞ്ചായത്ത് പ്രസിഡന്റാകും. വോട്ടിംഗില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങളും, സ്വതന്ത്രയും വിട്ട് നിന്നതോടെയാണ് യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തിയത്. നേരത്തെ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ആയിരുന്നു യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ആറ് വാര്‍ഡ് വീതവും, ഒരു സ്വതന്ത്രയുമാണ് ഉള്ളത്. സ്വതന്ത്രയെ ഒപ്പം നിര്‍ത്തി പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇരുവിഭാഗവും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ വിട്ട് നിന്നിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തിയാണ് ഭരണം യുഡിഎഫിന് ലഭിച്ചത്. എന്നാല്‍ പിന്നീട് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോള്‍ സ്വതന്ത്ര അനുകൂലമായി നിലപാട് എടുത്തതോടെ അവിശ്വാസം പാസാവുകയായിരുന്നു.

Read more

പഞ്ചായത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് നടന്ന വോട്ടെടുപ്പില്‍ നിന്ന് അംഗങ്ങള്‍ വിട്ട് നിന്നത്. ഇത് യുഡിഎഫിന് അനുകൂലമാവുകയായിരുന്നു.