വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട ചൂരൽമല ടൗൺ റീ ഡിസൈൻ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇപ്പോൾ പുറത്ത് വന്നത് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണെന്നും ദുരന്തബാധിതർക്ക് 7 സെന്റ് വീതം ഭൂമി എന്നാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതേസമയം ചൂരൽമലയിൽ നിന്ന് 120 കോടി രൂപ ചിലവിൽ 8 റോഡുകൾ നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുനരധിവാസത്തിന് ലിസ്റ്റ് ഉണ്ടാക്കിയത് മന്ത്രിമാരോ മന്ത്രിസഭയോ അല്ലെന്നും പഞ്ചായത്തുകാരാണ് എന്ന തരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പട്ടിക തയ്യാറാക്കൽ ടിഡിഎംഎയുടെ ഉത്തരവാദിത്വമാണ്. അതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ഇടപെടും എന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
Read more
അതേസമയം കേന്ദ്ര ഗവൺമെൻറ്റിന്റെ കേരളത്തോടുള്ള ക്രൂരത ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. എൽ3 കാറ്റഗറിയിൽ ദുരന്തത്തെപ്പെടുത്തി എന്നത് ഒഴിച്ചാൽ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അഞ്ചുമാസം എടുത്താണ് കേന്ദ്രം എൽ3 കാറ്റഗറിയിൽ ദുരന്തത്തെ ഉൾപ്പെടുത്തിയതെന്നും ഇത് മൂലം അന്താരാഷ്ട്ര സഹായങ്ങൾ പോലും വയനാടിന് ലഭിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.