തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന്‍ ഒന്നാംപ്രതിയാകും; ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലേക്ക്; പിടിമുറുക്കി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോഴ നല്‍കിയ കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയായിരിക്കും കുറ്റപത്രം നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷംരൂപ കോഴ നല്‍കിയ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയുടെ ഒരു ഫലംകൂടി ലഭിക്കാനുണ്ട്. ഇത് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം.

കേസില്‍ സി കെ ജാനു രണ്ടും വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാനാണ് സി കെ ജാനുവിന് കോഴ നല്‍കിയത്. കേസില്‍, അന്വേഷണ സംഘത്തിന് തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതാണെന്ന ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു

ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് ഫോറന്‍സിക് പരിശോധിച്ചത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് തെളിഞ്ഞത്.