കെ.കെ ശൈലജയ്ക്കെതിരായ പരാമർശം വിവാദമായതോടെ പഴി മാധ്യമങ്ങൾക്ക് മേൽ ചുമത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായി മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കിയത്.
മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും കെ.കെ ശൈലജ വിശദീകരിച്ചിരുന്നു.
സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭർത്താവിനെയും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. പരിപാടിക്ക് ആളുകൾ കുറഞ്ഞതിലുള്ള നീരസമായിരുന്നു ആ പരാമർശത്തിന് പിന്നിലെന്നാണ് പൊതുവെയുള്ള സംസാരം. അതേ സമയം ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്ന് ഒരു വിലയിരുത്തൽ പാർട്ടിയിലുമുണ്ട്. സംഭവം വിവാദമാകുമ്പോഴും മുഖ്യമന്ത്രി കാര്യമായൊന്നും തനിക്കെതിരെ പറഞ്ഞില്ല എന്നാണ് ശൈലജയുടെ വിശദീകരണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ ഇടപെടൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ കെ കെ ശൈലജയെ ലോകരാഷ്ട്രങ്ങളിൽവരെ ചർച്ചകളിൽ എത്തിച്ചിരുന്നു. എന്നാൽ ഈ വാർത്താ പ്രാധാന്യം മുഖ്യമന്ത്രിയെ അത്ര സന്തോഷിപ്പിച്ചിരുന്നില്ല.
Read more
തെരഞ്ഞെടുപ്പ് കാലത്ത് കെ കെ ശൈലജ മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള ചർച്ച ഉയർന്നതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. തുടർന്നിങ്ങോട്ട് പാർട്ടിയിൽ. മറ്റ് വേദികളിൽ എല്ലാം തന്നെ കെ കെ ഷൈലജയുടെ പ്രാധാന്യം കുറയുന്നത് നേരിട്ട് തന്നെ കാണാവുന്നതാണ്.