‘ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്, കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി’; പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചനുണയെന്ന് മുഖ്യമന്ത്രി

വൈദ്യുതി കരാര്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തികച്ചും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേര്‍ന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രേഖകൾ പുറത്ത് വിടും എന്ന് പറയാതെ ചെന്നിത്തല അതൊക്കെ പുറത്ത് വിടട്ടെ. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് തുടങ്ങിയത് ബിജെപി തീവ്രമാക്കി. രണ്ടു കൂട്ടര്‍ക്കും ഒരേ നയമാണ്. കേരളത്തിന് ആവശ്യമായ വൈദ്യുതി ഇവിടെയുള്ളത് കഴിച്ച് ബാക്കി ആവശ്യമുണ്ട്. അതില്‍ ജലവൈദ്യുതി കഴിച്ചാല്‍ കുറച്ച് തെര്‍മ്മല്‍ പവര്‍ നമുക്കുണ്ടായിരുന്നു. ആ തെര്‍മല്‍ പവറിന്റെ അവസ്ഥ നോക്കിയപ്പോള്‍, അതിന് വല്ലാതെ വില കൂടുതലായി. കായംകുളത്ത് നിന്നുള്ള വൈദ്യുതി വാങ്ങേണ്ടെന്ന് ആദ്യം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അത് വില കൂടിയതാണ്. അത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍, പൊതുമാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമാകുന്ന അവസ്ഥ വന്നു.

അങ്ങനെ യുഡിഎഫ് സര്‍ക്കാര്‍ തന്നെ പൊതുമാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. ആ വൈദ്യുതിയാണ് നമ്മള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇവിടെ സംഭവിച്ചത്, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍, അത് കേന്ദ്രസര്‍ക്കാരിന്റെ ഒരു പൊതുമേഖല സ്ഥാപനമാണ്. ആ സ്ഥാപനവുമായാണ് വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചത്. ഇതിന്റെ എല്ലാ വിശദാംശങ്ങളും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അവരാണ് ബോര്‍ഡിന് വൈദ്യുതി നല്‍കുന്നത്. അവര് പല ആളുകളില്‍ നിന്ന് ഇത് വാങ്ങുന്നുണ്ടാകും. അത് അവരുടെ കാര്യമാണ്. വൈദ്യുതി ബോര്‍ഡിന്റെ പ്രശ്‌നമല്ല.

Read more

അദാനിയുമായി ഒരു കരാറും ഒപ്പുവച്ചിട്ടില്ലെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുത പുറത്തുവന്നിട്ടും, പച്ച നുണയെന്ന് കുറച്ച് മയത്തില്‍ പറയാം. ഇതെല്ലാം ഒരു പ്രതിപക്ഷ നേതാവിന് ചേര്‍ന്നതാണോയെന്ന് അദ്ദേഹം ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.