'വാക്ക് ഒരു വഴിക്ക്, പ്രവർത്തി മറ്റൊരു വഴിക്ക്, നിങ്ങൾക്കാണ് ബിജെപിയെ തോൽപ്പിക്കാനുള്ള കെൽപ്പ് എന്ന് മേലിൽ പറയരുത്'; കോൺഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ ലേഖനം

ബിജെപിയുടെ വിജയങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ലേഖനം ഇന്നത്തെ ദേശാഭിമാനിയിലാണ് പ്രസിദ്ധീകരിച്ചത്. ‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോൺഗ്രസ്’ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നുവെന്നും വിമർശനമുണ്ട്.

‘ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോൺഗ്രസ് തടഞ്ഞു. അങ്ങനെ, ബിജെപിയെ തോൽപ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകർക്കുന്ന റോളാണ് കോൺഗ്രസ് ഏറ്റെടുത്തത്. ബിജെപിയെ ജയിപ്പിച്ചതിൽ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസിൻ്റെ ശിഥിലീകരണതന്ത്രമാണ്. ബിജെപിയെ എതിർക്കുന്ന മറ്റ് പ്രതിപക്ഷ പാർട്ടികൾ മുൻനിരയിലുണ്ട്’ ലേഖനത്തിൽ പറയുന്നു.

സംഘപരിവാറിനെ പ്രതിരോധിക്കാൻ അവർക്കു മാത്രമേ കഴിയുകയുള്ളൂവെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ, എന്താണ് സത്യം. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേന്ദ്രനയ ങ്ങൾക്കെതിരെ ഉയർന്ന കർഷകരോഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയിൽ ബിജെപിക്കെതിരെ പ്രതിഫലിച്ചു. എന്നിട്ടും അവിടങ്ങളിൽ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസിൻ്റെ നയം തന്നെയാണ്.

രാജ്യതലസ്ഥാനത്ത് മേധാവിത്വം ഉറപ്പിക്കാൻ ബിജെപിക്ക് അവസരമുണ്ടാക്കിയത് കോൺഗ്രസാണ്. തെരഞ്ഞെടുപ്പ് കമീഷൻ്റെ ചില കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിൻ്റെ നിലപാടുകൊണ്ടുമാത്രം ബിജെപി 14 സീറ്റ് നേടിയെന്നു കാണാം. ബിജെപിയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന രാഷ്‌ടീയബോധ്യത്തോടെ മതനിരപേക്ഷ ഐക്യത്തിനുവേണ്ടി അവർ നിലപാടെടുത്തിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഇത്ര വെല്ലു വിളികൾ നേരിടുമ്പോൾ അവർ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്.

2015ലും 2020ലും കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നിൽക്കുന്ന മുഖ്യശക്തിയായ ആം ആദ്‌മി പാർടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടു. ഡൽഹി യിൽ ആം ആദ്‌മി പാർടിയെ ജയിപ്പിക്കുന്നത് തങ്ങ ളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കൾ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവർ പറഞ്ഞതിൻ്റെ മറുവശം എന്നും ലേഖനത്തിൽ ചോദിക്കുന്നു.

Read more

മതനിരപേക്ഷതയുടെ പക്ഷത്തുനിൽക്കുന്ന ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മടിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. വാക്ക് ഒരു വഴിക്ക്, പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാർഥ മതനിരപേക്ഷ പാർടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകുമോ. മുസ്ലിംലീഗിനെപ്പോലുള്ള പാർടികൾ ആലോചിക്കട്ടെ തങ്ങളാണ് ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്‌തമായ പാർടിയെന്ന് കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ ഈ സമീപനമാണോ സ്വീകരിക്കുക. ഈ പശ്ചാത്തലമുള്ളവർ, തങ്ങൾക്കാണ് ബിജെപിയെ തോൽപ്പിക്കാനുള്ള കെൽപ്പ് എന്ന് മേലിൽ പറയാതിരിക്കണം എന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു.