തലസ്ഥാനത്ത് പത്താം ക്ലാസുകാരനെ ലഹരിസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്തെ ഇടവിളാകത്ത് സ്വദേശി ആഷിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയതായാണ് കുടുംബത്തിന്റെ പരാതി.
രാത്രി 7.45 നായിരുന്നു സംഭവം. ആഷിക്കിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. അമ്മൂമ്മയുടെ ഒപ്പമാണ് കുട്ടി താമസിക്കുന്നത്. ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് കാര്‍ പോയതെന്നാണ് സംശയം. സംഭവത്തില്‍ ബന്ധുക്കള്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more
ആഷിക്കിന്റെ ഫോണില്‍ പൊലീസ് വിളിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ ഫോണ്‍ എടുത്ത് അസഭ്യം പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയും ആഷിക്കിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു. പിന്നാലെ കഞ്ചാവ് വലിക്കാന്‍ നല്‍കി. ഇത് ആഷിക്ക് വീട്ടില്‍ പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.