സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നുവെന്ന് പരാതി, അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിവാദമാകുന്നു

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നുവെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത് വിവാദമാകുന്നു.

ബാംഗ്‌ളൂര്‍ സ്വദേശിനിയായ നീനാ മേനോന്‍ ആണ് ഇത്തരത്തില്‍ ഒരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക്് സമര്‍പ്പിച്ചത്. ഇത്തരത്തില്‍ ക്രിസ്ത്യന്‍ പളളികളുട എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവികാന്തരീക്ഷത്തിന് മാറ്റം വരുത്തുമെന്നാണ് പരാതിയില്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഈ പരാതി ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറിക്ക് അയക്കുകയായിരുന്നു. അഡീ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഈ പരാതി തദ്ദേശ സ്വയംഭരണ ഡയറക്ടര്‍ക്കും കൈമാറി. തദ്ദേശ സ്വയംഭരണഡയറക്ടര്‍ പരാതി ജോ. ഡയറക്ടര്‍ക്ക് നല്‍കുകയും അവര്‍ ഈ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേക്കും അയക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദമായത്.

ഇത്തരം ഒരു പരാതി ശ്രദ്ധയില്‍ പെട്ടില്ലന്നും അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എല്‍ സി ജി ഡി ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.