കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരായ കേസ് ജനം വിലയിരുത്തുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധിഖ്. കടൽ നീന്തിക്കടന്നവനെ കൈത്തോട് കാണിച്ച് പേടിപ്പെടുത്താനുള്ള ശ്രമം മാത്രമാണു ഭരണകക്ഷികളുടെതെന്ന് കുറ്റപ്പെടുത്തിയ സിദ്ധിഖ്,
പരംനാറി, കുലംകുത്തി, നികൃഷ്ടജീവി പ്രയോഗത്തിനെതിരെയൊക്കെ ആർക്കൊക്കെ എതിരെ കേസെടുക്കുമെന്നും’ചോദിച്ചു. സിദ്ധിഖ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോത്സുകതയും “എടോ, പരനാറി നികൃഷ്ടജീവി, കുലംകുത്തി” ഭാഷയാണെങ്കിൽ കുറേ ഓർമ്മിപ്പിക്കാനുണ്ട്.
പതിറ്റാണ്ടുകളായി കണ്ണൂരിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുത്ത് നിന്ന, നിരവധി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട, നിരവധി കേസുകളിൽ കുടുക്കിയിട്ടും ഇന്നും സിപിഎമ്മിനെ നഖശിഖാന്തം എതിർത്ത് പോരാടുന്ന കെ സുധാകരനെ
അധികാരത്തിന്റെ ഹുങ്കിൽ കേസ് എടുത്ത് പേടിപ്പിക്കാമെന്ന് വിചാരിക്കുന്നത് കടൽ നീന്തിക്കടന്നവനെ കൈത്തോട് കാണിച്ച് പേടിപ്പെടുത്താനുള്ള ശ്രമം മാത്രമാണു… മോഡി പ്രതിപക്ഷത്തെ വേട്ടയാടുന്നതിനു സമാനമായി ഇങ്ങ് കേരളത്തിൽ മുണ്ടുടുത്ത മോഡിയുടെ ഫാസിസ്റ്റ് പ്രവണത നമ്മൾ കാണുന്നു എന്നത് തന്നെയാണിത്.