സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി

സംസ്ഥാനത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം സജീഷിനെയാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്.

സജീഷ് ഡിവൈഎഫ്‌ഐ എരമം സെന്‍ട്രല്‍ മേഖല കമ്മിറ്റി അംഗവുമാണ്. ഇയാള്‍ക്കെതിരെ നേരത്തെയും സിപിഎമ്മിനുള്ളില്‍ പരാതികളുയര്‍ന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സജീഷിന് ബന്ധമുണ്ടെന്നത് ഉള്‍പ്പെടെയുള്ള പരാതികളില്‍ നേരത്തെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല.

കാനായില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ളവരുമായി സജീഷ് സ്വര്‍ണം പൊട്ടിക്കാന്‍ പോയിരുന്നു. എന്നാല്‍ കാനായില്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടിയതിന് പിന്നാലെയാണ് സജീഷിനെതിരെ പാര്‍ട്ടിയില്‍ വലിയ രീതിയില്‍ ആരോപണങ്ങളുയര്‍ന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സജീഷിനെതിരെ സിപിഎം നടപടിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് മനു തോമസ് പുറത്തുവിട്ടിരുന്നത്. അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കും സിപിഎമ്മില്‍ നിന്ന് ഒരു ഘട്ടത്തില്‍ സഹായങ്ങള്‍ ലഭിച്ചിരുന്നതായും മനുതോമസ് ആരോപിച്ചു.