ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം പിച്ചിലെ പുല്ല് തിന്നത് എന്തിന്?; വിശദീകരിച്ച് രോഹിത്

2024 ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം മത്സരം നടന്ന ബാര്‍ബഡോസ് പിച്ചിലെ പുല്ലെടുത്ത് തിന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. അത് മുന്‍കൂടിയൊന്നും പ്ലാന്‍ ചെയ്തതല്ലെന്നും ലോക കിരീടം നേടിയ ആ പിച്ചിന്റെ ഒരു കഷണം എന്നോടൊപ്പം ഉണ്ടായിരിക്കാന്‍ ആഗ്രഹിച്ചതിനാലാണ്് അങ്ങനെ ചെയ്തതെന്നും രോഹിത് പറഞ്ഞു.

ഒന്നും സ്‌ക്രിപ്റ്റ് ചെയ്തതല്ല. എനിക്ക് ആ നിമിഷം അങ്ങനെ ചെയ്യാന്‍ തോന്നി. ആ പിച്ച് ഞങ്ങള്‍ക്ക് ലോകകിരീടം നേടിത്തന്നതിനാല്‍ ആ ഗ്രൗണ്ടും പിച്ചും എന്റെ ജീവിതത്തിലെന്നെന്നും ഞാന്‍ ഓര്‍ക്കും. ആ പിച്ചിന്റെ ഒരു കഷണം എന്നോടൊപ്പം ഉണ്ടായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ നിമിഷങ്ങള്‍ വളരെ സവിശേഷമാണ്. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലം, എനിക്ക് അതില്‍ നിന്ന് എന്തെങ്കിലും വേണം. അതിനാല്‍ അതായിരുന്നു ആ ചെയ്തിക്ക് പിന്നിലെ വികാരം-രോഹിത് കൂട്ടിച്ചേര്‍ത്തു.

പിച്ചില്‍നിന്ന് പുല്ല്് നുള്ളിയെടുത്ത് രോഹിത് കഴിക്കുന്നതിന്റെ വീഡിയോ ഐസിസിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഓര്‍മകളിലേക്ക് ഒന്നുകൂടി എന്ന തലക്കെട്ടോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഫൈനലിന് ശേഷം രോഹിത് ടി20യില്‍നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് കളിക്കാന്‍ ആരംഭിച്ചത് മുതല്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റിനോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയം വേറെയില്ല. ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. ലോകകപ്പ് നേടാനാണ് ഞാന്‍ ആഗ്രഹിച്ചത്, മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.