തനിക്ക് മറികടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം?; വെളിപ്പെടുത്തി നെയ്മര്‍

തനിക്ക് മറികടക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്‌ഫീൽഡർ കസെമിറോയെ തിരഞ്ഞെടുത്ത് അൽ ഹിലാൽ സൂപ്പർ താരം നെയ്മർ ജൂനിയർ. അടുത്തിടെ കേസ് ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. പോർച്ചുഗീസിൽ നടന്ന അഭിമുഖത്തിൽ മുൻ ബാഴ്‌സലോണയുടെയും പിഎസ്ജിയുടെയും താരമായ നെയ്മർ വേറെയും തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. നിലവിൽ സൗദി ക്ലബ് ആയ അൽ ഹിലാലിന് വേണ്ടിയാണ് നെയ്മർ കളിക്കുന്നത്.

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡേഴ്സിൽ ഒരാളാണ് കസെമിറോ. അദ്ദേഹം റയൽ മാഡ്രിഡിലും സാവോ പോളോയിലും കളിച്ചിരുന്ന കാലത്ത് ബാഴ്‌സലോണയിലും സാന്റോസിലും വെച്ചു നെയ്മർ നേരിട്ടിട്ടുണ്ട്. അവർ പരസ്പരം പതിനൊന്ന് മത്സരങ്ങൾ കളിച്ചതിൽ നാല് തവണ വീതം ഇരുവരും വിജയിച്ചു. ടീമംഗങ്ങൾ എന്ന നിലക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിന് വേണ്ടി 57 തവണ ഇരുവരും പിച്ച് പങ്കിട്ടിട്ടുണ്ട്. എന്നാൽ രണ്ട് പേരും നിലവിൽ ബ്രസീലിന് വേണ്ടി കോപ്പ അമേരിക്കയിൽ കളിക്കുന്നില്ല. രണ്ട് പേർക്കും പരിക്ക് പറ്റിയതിനെ തുടർന്നാണ് ബ്രസീലിന് വേണ്ടി കളിക്കാൻ സാധിക്കാത്തത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജി വിട്ട് സൗദി പ്രോ ലീഗിൽ കളിക്കുന്ന അൽ ഹിലാലിലേക്ക് കൂടുമാറിയത്. കസെമിറോ 2022ലാണ് റയൽ മാഡ്രിഡിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേർന്നത്. നിലവിൽ എസിഎൽ ഇഞ്ചുറി കാരണം പുറത്തിരിക്കുന്ന നെയ്മർ അൽ ഹിലാലിന് വേണ്ടി ഒറ്റ കളി പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 25 മത്സരങ്ങൾ മാത്രം കളിച്ച കസെമിറോക്ക് ഒരു ഗോൾ മാത്രമാണ് നേടാനായത്.

നെയ്മർ ഒരിക്കൽ താൻ ആരാധിക്കുന്ന ക്ലബ്ബുകളിൽ ഒന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ്, ആർസെനൽ, ചെൽസി, ലിവർപൂൾ എന്നീ ക്ലബ്ബുകളെയാണ് ബ്രസീൽ താരം താൻ ആരാധിക്കുന്ന ക്ലബ്ബുകളായി പറഞ്ഞത്. ഒരു ദിവസം ഇംഗ്ലീഷ് ലീഗ് ആയ പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

നെയ്മർ പറയുന്നു:

“പ്രീമിയർ ലീഗ് എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു ചാമ്പ്യൻഷിപ്പാണ്. എനിക്ക് അവിടെ കളിക്കുന്ന ശൈലിയും ടീമുകളും ഇഷ്ടമാണ്. ആർക്കറിയാം? എന്നെങ്കിലും അതിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ആഴ്സനൽ, ലിവർപൂൾ എന്നീ ക്ലബ്ബുകളെ ഞാൻ അഭിനന്ദിക്കുന്നു.”