കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ; ദയാവധം നടത്തും

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയില്‍ കറവപ്പശുവിന് പേവിഷബാധ. ഞാലില്‍ സ്വദേശിനി പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധയുണ്ടായത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്.

പനിയാണെന്ന് കരുതി ഇന്നലെ മരുന്ന് നല്‍കി. എന്നിട്ടും അസ്വസ്ഥത തുടര്‍ന്നതോടെ ഇന്ന് രാവിലെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍ ആല്‍വിന്‍ വ്യാസ് എത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും.

ഇന്നലെയും കണ്ണൂരില്‍ പേ വിഷബാധയേറ്റ് ഒരു പശു ചത്തിരുന്നു. ചാലയിലെ പ്രസന്നയുടെ പേ ഇളകിയ പശുവാണ് ഇന്ന് രാവിലെയോടു കൂടി ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു.

പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം.