ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനില്‍നിന്ന് ആരിഫ് മൊഹമ്മദ് ഖാന് പടിയിറങ്ങുന്നതെന്ന് സിപിഎം നേതാവ് എം. സ്വരാജ്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവര്‍ണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആര് അംബേദ്കറാണ്. ഗവര്‍ണര്‍ക്കുള്ളത് ചില ചുമതലകള്‍ മാത്രമാണെന്നും ഭരണഘടനാ നിര്‍മാണസഭയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവി ആയതിനാല്‍ ഗവര്‍ണറെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭരണഘടനാ നിര്‍മാണസഭ കൈക്കൊണ്ടത്. ഭരണത്തിന്റെ തലപ്പത്തുള്ള പാര്‍ടിയുടെ ഒരു രണ്ടാംകിട നേതാവിനെ ഇത്തരം ഒരു സ്ഥാനത്തിരുത്തുന്നതിന് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് കെ എം മുന്‍ഷിയും പറഞ്ഞുവച്ചു. സവിശേഷ അധികാരങ്ങളോ കാര്യമായ ജോലിഭാരമോ ഇല്ലാത്തതിനാല്‍ ഒരാള്‍ക്കുതന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നതിന് തടസ്സവുമില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത് ഭരണഘടനാപരമായ പൊതുതത്വമാണ്.
നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവര്‍ണറാകട്ടെ കേന്ദ്രം നിയമിക്കുന്നയാളും. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണ സഭകള്‍ക്കാണ് പ്രാമുഖ്യമെന്നത് പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. ഭരണഘടനയെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെയും മാനിക്കാത്തവരാണ് തങ്ങളെന്ന് ആര്‍എസ്എസ് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആജ്ഞാനുവര്‍ത്തികളെ ഗവര്‍ണര്‍പദവിയില്‍ കുടിയിരുത്തി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന അല്‍പ്പത്തമാണ് സംഘപരിവാര്‍ തുടരുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍രാജ് നടപ്പാക്കാനുള്ള ആര്‍എസ്എസ് നീക്കം നിയമനിര്‍മാണ സഭകളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. നിയമസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ച ബില്ലുകളില്‍ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന നെറികേടിനെതിരെ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ആര്‍എസ്എസ് ചട്ടുകമായ ഗവര്‍ണര്‍മാര്‍ക്ക് ഉന്നതനീതിപീഠത്തില്‍നിന്ന് പ്രഹരമേറ്റു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ച് ഇളിഭ്യനായ കേരള ഗവര്‍ണര്‍ പക്ഷേ ആര്‍എസ്എസിന്റെ ദാസ്യവേല തുടര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ കാലുമാറിയ രാഷ്ട്രീയക്കാരനെന്ന ദുഷ്പേരുള്ള ആരിഫ് മൊഹമ്മദ് ഖാന് ഒടുവില്‍ ചെന്നുചേര്‍ന്ന കൂടാരമാണ് ഇപ്പോഴത്തേത്. ഒടുവിലെത്തിയ കാലുമാറ്റക്കാരന് വിശ്വാസം നേടിയെടുക്കാന്‍ അമിതവിധേയത്വം പ്രകടിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാല്‍ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറിയ ആരിഫ് മൊഹമ്മദ് ഖാന് കേരള ഗവര്‍ണറായിരുന്ന കാലമത്രയും രാഷ്ട്രീയ യജമാനന്മാര്‍ക്കായി ദാസ്യവേല ചെയ്തു. വിനീതവിധേയനായ സംഘപരിവാര്‍ ഭൃത്യനായി ഓച്ചാനിച്ചുനിന്നു. പൊതുമര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും നല്ലപാഠങ്ങള്‍ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍വരെ ലംഘിക്കപ്പെട്ടു. താനൊരു മഹാമേരുവാണെന്ന ഭാവത്തില്‍ സദാ ആക്രോശിച്ചുകൊണ്ട് ഉറുമ്പിനേക്കാള്‍ ചെറുതായി.
ഗവര്‍ണറുടെ പരിമിതാധികാരത്തെയും ചുമതലകളെയും കുറിച്ചുള്ള അജ്ഞത അദ്ദേഹത്തെ നിരന്തരം പരിഹാസ്യനാക്കി. ഒരിക്കല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ തനിക്ക് ‘പ്രീതി നഷ്ടപ്പെട്ടു’ വെന്നും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്നും പരസ്യമായി ആവശ്യം ഉന്നയിച്ചു. വാശിപിടിച്ചു. ഒരു മന്ത്രിയെ തനിക്ക് ഇഷ്ടമില്ലെങ്കില്‍ ഉടനടി പുറത്താക്കാമെന്ന അബദ്ധധാരണ ഒട്ടൊന്നുമല്ല അദ്ദേഹത്തെ അപഹാസ്യനാക്കിയത്. മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഗവര്‍ണറാണ്. എന്നാല്‍, ഗവര്‍ണറുടെ താല്‍പ്പര്യമനുസരിച്ചല്ല, മറിച്ച് മുഖ്യമന്ത്രി കൊടുക്കുന്ന പട്ടികപ്രകാരമുള്ള നിയമസഭാംഗങ്ങള്‍ക്കാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. അതായത് മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് ആ ജോലി ചെയ്യാനാണ് ഗവര്‍ണറെ നിയോഗിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ആരിഫ് മൊഹമ്മദ് ഖാന്റെ അന്ധമായ ആര്‍എസ്എസ് വിധേയത്വം ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളുടെ തടവുകാരനായി അദ്ദേഹത്തെ മാറ്റി.
സംഘപരിവാറിന്റെ വര്‍ഗീയ വിഭജനരാഷ്ട്രീയത്തെ അതിര്‍ത്തിക്കപ്പുറത്ത് നിര്‍ത്തിയ കേരളത്തോടും ഇടതുപക്ഷത്തോടുമുള്ള പക ഗവര്‍ണറുടെ ഓരോ വാക്കിലും തുളുമ്പി. സിപിഐ എമ്മിനെ എതിര്‍ത്ത് ഒരിക്കല്‍ അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശം ‘വൈദേശിക ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍’ എന്നായിരുന്നു. കമ്യൂണിസവും സോഷ്യലിസവുമൊക്കെ വൈദേശികമാണെന്നും തനി ഭാരതീയമല്ലാത്തതിനാല്‍ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നും ആദ്യം പറഞ്ഞത് ആര്‍എസ്എസ് ആണ്. ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നാവായപ്പോള്‍ മറന്നത് ഭരണഘടനയെത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്. ലോകംകണ്ട ഭരണഘടനാ വിദഗ്ധനായ ഐവര്‍ ജെന്നിങ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശമുന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന വലുതായതിന്റെ ഒരുകാരണം മറ്റുരാജ്യങ്ങളുടെ ഭരണഘടനകളില്‍നിന്ന് നമുക്ക് സ്വീകാര്യമായതെല്ലാം സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്.
യുഎസ്എസ്ആര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭരണഘടനകളും ബ്രിട്ടനിലെ കീഴ്വഴക്കങ്ങളും ഇന്ത്യന്‍ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതായത് ഇന്ത്യന്‍ ഭരണഘടന ആ അര്‍ഥത്തില്‍ ഭാരതീയമല്ല എന്ന് സാരം! ആദാനപ്രദാനങ്ങളുടെ സാര്‍വദേശീയ സംസ്കാരം ആര്‍എസ്എസിന് അന്യമായതിനാല്‍ ഭരണഘടനയെയും അവര്‍ക്ക് അംഗീകരിക്കാനായില്ല. ജനാധിപത്യം എന്ന ആശയംപോലും വൈദേശികമാണെന്ന് അബദ്ധങ്ങള്‍ തട്ടിവിടുമ്പോള്‍ ഗവര്‍ണര്‍ ഓര്‍ത്തില്ല. എന്തിന് ഗവര്‍ണര്‍ എന്ന പദവിയും ആ പദവും വൈദേശികമാണെന്നു ചിന്തിക്കാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായില്ല. ആര്‍എസ്എസ് മനുഷ്യത്വത്തെ മാത്രമല്ല വിവേകത്തെയും ഇല്ലാതാക്കും.
Read more
ഉന്നതമായ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭ സൗമനസ്യത്തോടെ നല്കിയ സര്‍വകലാശാലാ ചാന്‍സലര്‍ പദവിയും നീചമായി ദുരുപയോഗിക്കാന്‍ ഗവര്‍ണര്‍ മടിച്ചില്ല. നാളിതുവരെ സംസ്ഥാനത്തെ ഒരു സര്‍വകലാശാലാ സെനറ്റിലും വിദ്യാര്‍ഥികള്‍ സംഘപരിവാറിനെ തെരഞ്ഞെടുത്തിട്ടില്ല. ആദ്യമായി സര്‍വകലാശാലാ സെനറ്റിലെ വിദ്യാര്‍ഥിപ്രതിനിധികള്‍ക്കിടയില്‍ ആര്‍എസ്എസ് പട്ടികയിലുള്ളവരെ തിരുകിക്കയറ്റാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. വിദ്യാഭ്യാസ, കലാ-കായിക രംഗങ്ങളിലെ സവിശേഷപ്രതിഭകളെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ അവകാശമാണ് ആര്‍എസ്എസ് ശാഖയില്‍ അടിയറവച്ചത്. കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇത്തരത്തില്‍ പിന്‍വാതിലിലൂടെ തിരുകിക്കയറ്റാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.