കെ.എസ്.ഇ.ബി തര്‍ക്കത്തില്‍ സി.പി.എം ഇടപെടുന്നു; എ.കെ ബാലന്‍ വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തും

കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടകളും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനായി സിപിഎം ഇടപെടുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി എ കെ ബാലന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചരയ്ക്ക് പാലക്കാട് വച്ചാണ് ചര്‍ച്ച. സിഐടിയുവിന്റെ ആവശ്യപ്രകാരമാണ് എകെ ബാലന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.

കെഎസ്ഇബി മാനേജ്‌മെന്റിനെതിരെ ഓഫിസേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാസല സത്യാഗ്രഹം ഇന്ന് ആരംഭിച്ച സാഹചര്യത്തിലാണ് അടിയന്തരമായി കൂടിക്കാഴ്ച നടത്തുന്നത്. ഇടത് സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടുകള്‍ ഉപേക്ഷിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് സംയുക്ത സമര സഹായ സമിതി രൂപീകരിച്ച് കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Read more

ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനെ തുടര്‍ന്നാണ് നേതാക്കളെ സസ്‌പെന്റ് ചെയ്തത്. ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. സുരേഷിനെതിരെയും ജനറല്‍ സെക്രട്ടറി ബി. ഹരികുമാറിനെതിരെയുമാണ് നടപടി എടുത്തത്.